ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; നിർദേശം നൽകി ആഭ്യന്തര മന്ത്രി

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസമായി.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷും ആവശ്യപ്പെട്ടിരുന്നു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നിലവിൽ അന്വേഷണ സംഘം 200ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും അതിലൊന്നും ശിവസൂര്യയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളും പരിശോധിച്ചു.

മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു ശിവസൂര്യയുടെ നാടുവിടൽ. 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും ശിവസൂര്യ എടുത്തിരുന്നു. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസൂരുവിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.

Leave a Reply

Your email address will not be published. Required fields are marked *