തിരുവനന്തപുരം: ഗോൾഡൻ ഗോൾ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം. 108,സർക്കാർ, സ്വകാര്യ ആംബുലൻസുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പദ്ധതി ആദ്യം നടപ്പിലാക്കും. ജീവൻ രക്ഷിക്കുന്നവർക്ക് ഇനി മുതൽ ആരോഗ്യവകുപ്പ് ആദരം നൽകും. അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും തീരുമാനം.
ഇതിനായി ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കു പുറമേ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൻ്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റേയും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും കീഴിലുള്ള ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ച് അടിയന്തര ആംബുലൻസ് സേവനത്തിനായുള്ള ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ വിപുലീകരിക്കും.
രണ്ടാംഘട്ടത്തിൽ സ്വകാര്യ ആംബുലൻസുകളെയും എൻജിഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 335 പുതിയ 108 ആംബുലൻസുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് അടിയന്തര പരിചരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ഈ സമഗ്രപദ്ധതി നടപ്പിലാക്കുന്നത്.
അപകടത്തിൽപ്പെട്ടവരുടെ ജീവൻ നിർണായകമായ ആദ്യ മണിക്കൂറിൽ തന്നെ രക്ഷിക്കുക, അടിയന്തര ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, ചികിത്സയ്ക്കായി കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സർക്കാർ ആശുപത്രികൾക്കു പുറമേ, കാസ്‌പ് പിഎം-ജെഎവൈ പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽഡ് സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കും. സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും മറ്റ് സ്വകാര്യ ആംബുലൻസുകളെയും ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പദ്ധതി വിപുലീകരിക്കും.