സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; അന്ത്യം 88-ാം വയസ്സിൽ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. വൈകിട്ട് 5.20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായിരുന്ന അദ്ദേഹം സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

1938ൽ കേരളത്തിലെ പ്രമുഖ സയ്യിദ് കുടുംബമായ ബാഫഖി തറവാട്ടിൽ സയ്യിദ് അഹ്‌മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായാണ് ജനനം. കൊയിലാണ്ടിയിലെ മാപ്പിള സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിലും വിവിധ ജുമാമസ്ജിദുകളിലും പഠനം നടത്തി. 1965ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനത്തിന് ചേർന്നു. അഞ്ചുവർഷത്തെ പഠനകാലത്ത് വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡന്റായി. ജാമിഅ നൂരിയ്യയിൽ അൽ മുനീർ മാസിക പുറത്തിറക്കുന്നതിനും നേതൃത്വം നൽകി.

ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ, കുട്ടി മുഹമ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഇ കെ അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ. ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദിലെ ഖത്വീബായിരുന്നു. കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമായിരുന്നു.

ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുൽസു. മക്കൾ: സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ മരുമകനാണ്.

Leave a Reply

Your email address will not be published. Required fields are marked *