തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്നതോടെ ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും. ഇന്നലെ 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,699 മെഗാവാട്ടായി ഉയർന്നു.
പീക്ക് സമയത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ ആവശ്യമായ അധിക വൈദ്യുതി ലഭ്യമാകാത്തതാണ് പ്രധാന വെല്ലുവിളി. ഇന്നലെ 800 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി കുറവ് രേഖപ്പെടുത്തി.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും അധിക വൈദ്യുതി ഉറപ്പാക്കാനായിട്ടില്ല. അതേസമയം, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും എൻടിപിസിയിൽ നിന്നുള്ള വൈദ്യുതിക്ക് വില കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ഹിമാചൽ പ്രദേശിൽ നിന്ന് ലഭിക്കേണ്ട 250 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് ലഭ്യമാകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ആണവനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സിഎംഡി ഇന്ന് എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റിന് മുകളിൽ തുടരുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ സെപ്റ്റംബർ 30 വരെ നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും