സിനിമാസ്‌റ്റൈലില്‍ അറബിക്കടല്‍ വന്‍ മയക്കുമരുന്ന് വേട്ട ; 3000 കോടിയുടെ ലഹരിവസ്തുക്കള്‍ ; അഞ്ച് പാകിസ്താനികള്‍ അറസ്റ്റില്‍

ലക്ഷദ്വീപ്: അറബിക്കടല്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ അഞ്ച് പാകിസ്താന്‍കാര്‍ പിടിയില്‍. മെത്താഫെമിനും ഹെറോയ്‌നും അടക്കം 3000 കോടിയില്‍ അധികം മൂല്യം വരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഓപ്പറേഷന്‍ നശാ മുക്തിയ്ക്ക് കീഴില്‍ നടന്ന ഓപ്പറേഷനില്‍ ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ നീക്കമാണ് മയക്കുമരുന്ന് അടങ്ങിയ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ബോട്ടിനെ പിടികൂടുന്നതിലേക്ക് നീണ്ടത്.

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ നടത്തിയ സംയുക്ത നീക്കത്തിൽ, ഇറാനിയൻ ബോട്ട് പിടികൂടുകയായിരുന്നു. രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെയുള്ള ഏറ്റവും വലിയ നടപടിയാണിത്. ഗുജറാത്ത് എ.ടി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ തീരസംരക്ഷണ സേന അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കിയത്. സെപ്റ്റംബർ 25-നാണ് ലക്ഷദ്വീപിന് പടിഞ്ഞാറുള്ള കടലിൽ സംശയാസ്പദമായ രീതിയിൽ ഒരു ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് കപ്പൽ ബോട്ടിനെ പിന്തുടർന്ന് പിടികൂടുകയും കമാൻഡോകൾ ബോട്ട് വളഞ്ഞ് പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഹെറോയിനും മെതാംഫെറ്റമൈനും അടങ്ങിയ ചാക്കുകൾ കണ്ടെത്തുകയായിരുന്നു.

സിനിമാ സ്‌റ്റൈലില്‍ നടന്ന ചേസിംഗും ബോട്ടിനെ ചുറ്റിവളഞ്ഞുള്ള കോസ്റ്റുഗാര്‍ഡുകളുടെ നീക്കവും മറ്റും വരുന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. 526 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രഹസ്യവിവരം കിട്ടിയത് അനുസരിച്ച് തന്ത്രപരമായി കടലിലും ആകാശത്തുമായി ഒരുപോലെ പാക് ബോട്ടിനെ വളയുകയായിരുന്നു. ബോട്ടും മയക്കുമരുന്ന്‌ശേഖരവും മുംബൈയില്‍ എത്തിച്ചു. അന്വേഷണവും പരിശോധനയും നടത്തിവരികയാണ്. സെന്‍ട്രല്‍ ഇന്റലിജന്‍സ്, നാര്‍ക്കോട്ടിക് ബ്യൂറോയും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടുണ്ട്. പാകിസ്താന്‍ സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് പാകിസ്താന്‍ സ്വദേശികളും പിടിയിലായി. ഇന്ത്യയിലേക്കും അയല്‍ രാജ്യങ്ങളിലേക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന മയക്കുമരുന്നായിരുന്നെന്നാണ് വിവരം. മയക്കുമരുന്നു ശേഖരവുമായി ബോട്ട് വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. ബോധവല്‍ക്കരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, പുനരധിവാസം എന്നിവയിലൂടെ ലഹരിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ 'ലഹരി മുക്ത ഭാരത് അഭിയാന്' അനുസൃതമാണ് ഈ ദൗത്യമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *