സി.എം.ആര്‍.എല്‍. കേസ് : എസ്‌ഐടി ഇന്നുമുതല്‍ അന്വേഷണം തുടങ്ങും ; എഫ്.ഐ.ആര്‍. ഇടണമെന്ന ആവശ്യവുമായി ഇ.ഡി.

തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസും ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇടണമെന്ന ആവശ്യവുമായി ഇ.ഡി. സി.എം.ആര്‍.എല്‍. – എക്‌സാലോജിക് കേസില്‍ പരിധിക്കപ്പുറത്തേക്ക് സാമ്പത്തീക ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ അക്കാര്യത്തിലെ അന്വേഷണത്തിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് എഫ്.ഐ.ആര്‍. ഇടണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

കേരളാപോലീസ് അക്കാര്യം ചെയ്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശം. നേരത്തേ മാസപ്പടിക്കേസില്‍ സാമ്പത്തീക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് ഇ.ഡി. അന്വേഷണം നടത്തിയത്. എന്നാല്‍ ഈ പരിധിക്ക് അപ്പുറത്ത് നില്‍ക്കുന്ന ഹവാലയും കള്ളപ്പണവും അടക്കമുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ഇതില്‍ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് ഇ.ഡി.യുടെ നിലപാട്. നേരത്തേ ഡിജിപിയ്ക്ക് നല്‍കിയ കത്തില്‍ കേസ് എടുക്കുന്ന കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണം നടത്തിയ ശേഷം മതി അത്തരം കാര്യങ്ങളെന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഹവാല ഉള്‍പ്പെടെയുള്ള സാമ്പത്തീക ഇടപാടുകളുടെ അന്വേഷണം നടക്കണമെങ്കില്‍ എഫ്.ഐ.ആര്‍. ഇടേണ്ടതുണ്ടെന്നാണ് ഇ.ഡി.യുടെ പക്ഷം. ഇക്കാര്യത്തില്‍ നിലപാട് എടുക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയില്‍ എത്താനാണ് നീക്കം. ഇ.ഡി. ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് മുതല്‍ അന്വേഷണം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്‌ഐടി ഇ.ഡി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം തന്നെ ഇ.ഡി.യെ കണ്ട് അന്വേഷണ വിവരങ്ങളും തെളിവുകളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *