മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേവയറിൽ നിന്ന് ഷോക്കേറ്റ് 13കാരൻ ജുനൈദ് മരിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. കുട്ടിക്ക് ജീവൻ നഷ്ടപ്പെടാനിടയായത് സങ്കടകരമാണെന്നും ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ഇതിൽ പൊതുജന സമക്ഷം മാപ്പുപറയുന്നെന്നും കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും. അപകടമുണ്ടായ സാഹചര്യം അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ.എസ്,ഇ.ബി അറിയിച്ചു.
സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്.വീടിന് സമീപത്തെ വയലിൽവെച്ചായിരുന്നു അപകടം. വയലിൽ മീൻപിടിക്കാൻ പോയതായിരുന്നു ജുനൈദ്. ഇതിനിടെ പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരേ നാട്ടുകാർ രംഗത്തെത്തിയിരുന്നു.
കെ.എസ്.ഇ.ബിയുടെ കുറിപ്പ്
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ എസ് ഇ ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും.
അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും .
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും.
ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കെ എസ് ഇ ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു