കൊൽക്കത്ത: പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിൽ പ്രതികാരമായി യുവതിയുടെ വളർത്തുനായ്ക്കളെ കൊലപ്പെടുത്തി വീഡിയോ ദൃശ്യം അയച്ചുനൽകിയ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ ബിജയ്ഗർഹ് മേഖലയിലാണ് സംഭവം. സഞ്ജീബ് ഭട്ടാചാര്യ എന്ന യുവാവാണ് കൊടുംകുറ്റം ചെയ്തതിന് പിടിയിലായത്. പങ്കാളി ഡിജെ പരിണോവ എന്ന യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായായിരുന്നു ഇവരുടെ രണ്ട് വളർത്തുനായ്ക്കളെ ഇയാൾ കൊന്നത്.
പരിണോവയോടൊപ്പമായിരുന്നു സഞ്ജീവ് കുറച്ചുനാളായി താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. തുടർന്ന് യുവതി ഇയാളെ വിട്ടുപോയി. എന്നാൽ തന്റെ വളർത്തുനായ്ക്കളെ സഞ്ജീബിനെ ചുമതലപ്പെടുത്തിയിട്ടാണ് ഇവർ പോയത്.
പങ്കാളി പിണങ്ങിപ്പോയതോടെ സഞ്ജീബ് ഇവരെ വീഡിയോ കോളിൽ വിളിച്ചു. ഇതിൽ ഒരു നായയെ കയറിൽ കെട്ടിത്തൂക്കിയ നിലയിൽ സഞ്ജീബ് യുവതിക്ക് കാട്ടിക്കൊടുത്തു. ഞെട്ടിപ്പോയ യുവതി അയൽവാസിയെ വിളിച്ച് സഞ്ജീബിന്റെ ഫ്ളാറ്റിൽ പോയി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. ഇയാളുടെ പരിശോധനയിലാണ് രണ്ട് നായ്ക്കളും അടിയേറ്റ് ചത്തനിലയിൽ കണ്ടത്. ഫ്ളാറ്റിലെ നിലത്തെല്ലാം നായ്ക്കളുടെ രക്തം പുരണ്ടിരുന്നു.
സംഭവമറിഞ്ഞ് നടിയും മൃഗസംരക്ഷണ പ്രവർത്തകയുമായ ദേബ്ലിന ദത്തയും മൃഗസംരക്ഷണ സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി. നായ്ക്കളുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ ഇടപെട്ടു. ഇതോടെ സഞ്ജീബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാടൻ ഇനത്തിൽ പെട്ടതും ബീഗിൾ ഇനത്തിൽപെട്ടതുമായ നായ്ക്കളെയാണ് ഇഷ്ടിക കൊണ്ട് അടിച്ച് സഞ്ജീബ് കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ നായ്ക്കളുടെ മരണത്തിനിടയാക്കിയ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.