ലക്‌നൗ: സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി എന്ന രസിക് ദുലാരി ശരണിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. സെപ്തംബർ 25ന് ഉത്തർപ്രദേശിലെ വൃന്ദാവൻ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ദീപക് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ പരിശോധന തുടരുകയാണ്. ദീപകിന്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളും മുറിയിൽ നിന്ന് ലഭിച്ച തെളിവുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്വകാര്യ ഭാഗത്തിനും ഗുരുതരമായ പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ആശ്രമത്തിന് പുറത്തുള്ള റോഡിലെ സിസിടിവി ദൃശ്യങ്ങളിൽ ദീപക് നാലാം നിലയിൽ നിന്ന് താഴേക്ക് വീഴുന്നത് വ്യക്തമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാവിലെ 10.35ഓടെയാണ് സംഭവം നടന്നത്. കഴുത്തിൽ പച്ച നിറത്തിലുള്ള വസ്ത്രം കെട്ടിയ നിലയിലായിരുന്നു ദീപക് താഴേക്ക് വീണതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ജബൽപൂർ സ്വദേശിയായ ദീപക് വൃന്ദാവനിലെ ഗുരുകൃപ കുഞ്ജ് ആശ്രമത്തിലാണ് താമസിച്ചിരുന്നത്. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിനിടെ ദീപക് താമസിച്ചിരുന്ന മുറിയിൽ നിന്ന് പൊലീസ് ഒരു ഗ്രൈൻഡർ കണ്ടെത്തിയിരുന്നു. ഇതിൽ ആരുടെയൊക്കെ വിരലടയാളങ്ങളുണ്ടെന്ന് കണ്ടെത്തുന്നതിനായി ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടക്കുകയാണ്. ദീപക്കിന്റെ ശരീരത്തിൽ ആറോളം ഭാഗങ്ങളിലാണ് പരിക്കുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. കാലിലെ അസ്ഥികൾക്കും വാരിയെല്ലിനും പൊട്ടൽ ഉണ്ടെന്നും തലയ്ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചതായുമാണ് റിപ്പോർട്ട്. കൂടാതെ, ദീപക്കിന്റെ സ്വകാര്യഭാഗത്തും ഗുരുതരമായ പരിക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
സംഭവം നടക്കുന്നതിന് മുമ്പ് ദീപക്കിന്റെ മുറിയിൽ എന്തുസംഭവിച്ചുവെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. സിസിടിവി ദൃശ്യങ്ങളിൽ ദീപക് നാലാം നിലയിൽ നിന്ന് താഴേക്ക് വീഴുന്നത് കാണുന്നുണ്ടെങ്കിലും, അതിന് തൊട്ടുമുമ്പ് മുറിയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അതിനാൽ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ദീപകിനൊപ്പം അവസാനമായി ആരൊക്കെയുണ്ടായിരുന്നു, അവർ എപ്പോൾ അവിടെനിന്ന് പോയി തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. ദീപകിന്റെ രക്തസാംപിൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മയക്കുമരുന്നോ വിഷാംശമുള്ള വസ്തുക്കളോ മറ്റേതെങ്കിലും സംശയാസ്പദമായ വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.