ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ‌യ്ക്ക് സ്വർണ നേട്ടം; പുരുഷന്മാരുടെ റിലേ ഇനത്തിൽ വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റി‌ക്‌‌സ് മത്സരങ്ങളിൽ റിലേ ഇനങ്ങളിൽ ശ്രദ്ധേയ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം സ്വർണമണിഞ്ഞപ്പോൾ പുരുഷന്മാരുടെ ഇതേ ഇനത്തിൽ വെങ്കലവും സ്വന്തമാക്കി. ഇതിന് പുറമെ 4×100 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യ വെങ്കലം നേടി. വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി ഒന്നാമതെത്തിയത്. മൂന്ന് മനിറ്റ് 29.69 എന്ന സമയത്തിലാണ് ഇന്ത്യൻ താരങ്ങൾ ഫിനിഷ് ചെയ്തത്. ബഹ്‌റെയ്ൻ വെള്ളിയും ചൈന വെങ്കലവും നേടി. ഏഷ്യൻ ഗെയിംസ് അത്‌ലറ്റി‌ക്‌‌സിൽ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ സ്വർണമെഡലാണ് ഈ നേട്ടം.

പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിലും ഇന്ത്യ മെഡൽ പട്ടികയിൽ ഇടംപിടിച്ചു. മലയാളി താരം മനുവിനൊപ്പം ധരംവീർ ചൗധരി, വിശാൽ, രാജേഷ് രമേഷ് എന്നിവരാണ് ഇന്ത്യൻ ടീമിൽ മത്സരിച്ചത്. മൂന്ന് മിനിറ്റ് 01.61 സമയത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ജപ്പാൻ സ്വർണവും ഖത്തർ വെള്ളിയും നേടി. മനുവിന്റെ ഏഷ്യൻ ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും മനു അംഗമായിരുന്നു.

വനിതകളുടെ 4×400 മീറ്റർ റിലേയിലെ സ്വർണനേട്ടത്തോടെ വിത്യാ രാംരാജും ഗെയിംസിലെ മെഡൽ നേട്ടം മൂന്നാക്കി. മിക്സഡ് റിലേയിൽ വെള്ളിയും 400 മീറ്റർ ഹർഡിൽസിൽ വെങ്കലവും നേരത്തെ സ്വന്തമാക്കിയിരുന്നു. ഹർഡിൽസിലെ പ്രകടനത്തിനിടെ പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നതും ശ്രദ്ധേയമായിരുന്നു.

അതേസമയം, 4×100 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യയ്ക്ക് ചരിത്രനേട്ടം. 41.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുരിന്ദർവീർ സിംഗ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, സ്‌നേഹ എസ് എന്നിവരുടെ സംഘം പുതിയ ദേശീയ റെക്കോർഡോടെയാണ് വെങ്കലം നേടിയത്. ചൈന ഒന്നാം സ്ഥാനത്തും തായ്‌ലൻഡ് രണ്ടാം സ്ഥാനത്തുമെത്തി.

ഗുരിന്ദർവീർ സിംഗ് ആദ്യ ലാപ്പിൽ ഇന്ത്യൻ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് സ്‌നേഹ എസ്, അനിമേഷ് കുജൂർ എന്നിവർ തങ്ങളുടെ ലാപ്പുകൾ പൂർത്തിയാക്കി. അവസാന ഘട്ടത്തിൽ ഹരിത ഭദ്ര നടത്തിയ മികച്ച മുന്നേറ്റമാണ് ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം ഉറപ്പാക്കിയത്. 200 മീറ്ററിലും നേരത്തെ വെങ്കലം നേടിയ ഹരിതയുടെ ഗെയിംസിലെ മറ്റൊരു മെഡൽ കൂടിയാണിത്. 1990ന് ശേഷം സ്പ്രിന്റ് റിലേ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലെന്ന പ്രത്യേകതയും മിക്സഡ് റിലേയിലെ വെങ്കല നേട്ടത്തിനുണ്ട്. 1990ൽ ഇന്ത്യൻ വനിതാ ടീം ഈ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *