സ്വയംഭരണ കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി ; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷവും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ വിവാദത്തിന് കളമൊരുക്കി സ്വയംഭരണ കോളേജുകളില്‍ യഥേഷ്ടം സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി. കേരളത്തിലെ എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ പുതിയ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി മാനേജ്‌മെന്റ് പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇളവുകള്‍ കൊണ്ടുവന്നത്.

ഓട്ടോണമസ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ സര്‍വകലാശാലകളുടെ പ്രത്യേക അനുമതിയോ വേണ്ടി വരില്ല്. പകരം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ കോഴ്‌സുകളുടെയും സീറ്റ് വര്‍ധനവിന്റെയും വിവരങ്ങള്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രം മതിയാകും. നിലവിലുള്ള കോഴ്‌സുകളുടെ അനുമതി ഓരോ വര്‍ഷവും പുതുക്കണമെന്ന വ്യവസ്ഥയും മാറി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയാല്‍ മതിയെന്നുമായി. അതേസമയം ഇതിനെതിരേ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കാന്‍ നീക്കം എന്നാണ് ആരോപണം സര്‍ക്കാര്‍ കോളേജുകളില്‍ പലയിടത്തും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍, സ്വയംഭരണ പദവിയുടെ മറവില്‍ എയ്ഡഡ് കോളേജുകളിലും വന്‍ തുക ഫീസ് ഈടാക്കുന്ന സ്വാശ്രയ കോഴ്‌സുകള്‍ക്ക് വഴിതുറക്കുമെന്നാണ് വിമര്‍ശനം. മുന്‍പ് എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഈ ഉത്തരവ് അതിന് വിരുദ്ധമാണെന്നും ആക്ഷേപമുയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *