തിരുവനന്തപുരം: മുന്‍സര്‍ക്കാര്‍ പോലീസിനു വേണ്ടി വാടകയ്‌ക്കെടുത്ത് വിവാദത്തിലായ ഹെലികോപ്‌ടര്‍, കരാറില്‍ മാറ്റംവരുത്തി തുടര്‍ന്നും ഉപയോഗിക്കാന്‍ നീക്കം. മാസംതോറും നിശ്‌ചിതവാടകയ്‌ക്കു പകരം, പറക്കുന്ന സമയത്തിന് മാത്രം പണം നല്‍കിയാല്‍ മതിയെന്ന തരത്തില്‍ കരാര്‍ മാറ്റിയേക്കും. ഒരുമണിക്കൂര്‍ പറക്കാന്‍ നാലുലക്ഷം രൂപയാണ് ഹെലികോപ്‌റ്റര്‍ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ ആവശ്യപ്പെടുന്ന നിരക്ക്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അന്തിമതീരുമാനമെടുക്കും.മാവോയിസ്‌റ്റ് സാന്നിധ്യമുള്ള വനമേഖലകളിലെ നിരീക്ഷണം, തീരനിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനം, അവയവദാനവുമായി ബന്ധപ്പെട്ട യാത്രകള്‍, വി.ഐ.പി. യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്‌ടറാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ലക്ഷം രൂപയായിരുന്നു മാസവാടക. ആ തുകയ്‌ക്ക് പ്രതിമാസം 25 മണിക്കൂര്‍ വരെ പറക്കാനാണ് കരാറില്‍ വ്യവസ്‌ഥയുണ്ടായിരുന്നത്. 25 മണിക്കൂറിന് മുകളിലുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നല്‍കണമായിരുന്നു. ജി.എസ്.ടിയും അനുബന്ധച്ചെലവുകളും ഉള്‍പ്പെടെയാണ് അടിസ്‌ഥാനവാടക. പ്രതിവര്‍ഷം 9.60 കോടി രൂപയും മൂന്നുവര്‍ഷം 28.80 കോടി രൂപയുമാണ് അടിസ്‌ഥാനവാടക ഇനത്തില്‍ ചെലവായത്. അധികമണിക്കൂറുകള്‍ക്ക് നല്‍കിയ തുക ഉള്‍പ്പെടെ ആകെച്ചെലവ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മാവോയിസ്‌റ്റ് നിരീക്ഷണത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ഹെലികോപ്‌ടര്‍ വാടകയ്‌ക്കായി ഉപയോഗിച്ചിരുന്നു. ഇതില്‍ 75% കേന്ദ്രം വെട്ടിക്കുറച്ചതോടെ, കരാര്‍ തുടരുകയാണെങ്കില്‍ വാടകയുടെ വലിയൊരു ഭാഗം സംസ്‌ഥാനഖജനാവില്‍നിന്ന് കണ്ടെത്തേണ്ടിവരും. ചിപ്‌സണ്‍ ഏവിയേഷനുമായുള്ള മൂന്നുവര്‍ഷക്കരാര്‍ അവസാനിച്ചതോടെ രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സംസ്‌ഥാന പോലീസ് മേധാവി ശിപാര്‍ശ ചെയ്‌തിരുന്നു.
ഹെലികോപ്‌ടര്‍ കരാര്‍ തുടരുമോ? മണിക്കൂറിന് 4 ലക്ഷം ചോദിച്ച് കമ്പനി