ഹോട്ടലുടമയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; മരണം ദുരൂഹസാഹചര്യത്തിൽ

കുളത്തൂപ്പുഴ: ഹോട്ടലുടമയെ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ സന്തോഷ് ഹോട്ടൽ നടത്തിപ്പുകാരനായ ചന്ദ്രനെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ചന്ദ്രൻ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെ പുരയിടത്തിൽ രാവിലെ എട്ടുമണിയോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

രാവിലെ ചന്ദ്രൻ ഹോട്ടലിൽ എത്തിയിരുന്നതായി ജീവനക്കാർ പറഞ്ഞു. ഏറെ നേരമായിട്ടും ചന്ദ്രനെ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഹോട്ടലിന് പിന്നിലുള്ള സമീപത്തെ പുരയിടത്തിൽ ശൗചാലയത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ചന്ദ്രന്റെ മരണത്തിന് പിന്നിലെ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *