ഹോർമുസിൽ ഇന്ധന ടാങ്കറിന് നേരെ ഇറാൻ ആക്രമണം, ഇന്ത്യൻ നാവികനെ കാണാതായി

മനാമ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികരടങ്ങിയ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നാവികരുള്ള കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തുന്നത്. തിങ്കളാഴ്‌ച പനാമ കൊടിയേന്തിയ താര ഗ്യാസ് എന്ന കപ്പലിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണം നടന്നവിവരം കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനാവാൾ എക്‌സിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിൽ 24 ഇന്ത്യൻ നാവികരെ രക്ഷിച്ചതായും ഒരാളെ കാണാതായി എന്നുമാണ് കേന്ദ്രം അറിയിച്ചത്. ആകെ 25പേരാണ് കപ്പലിലുണ്ടായിരുന്നത്.

'അതീവ ആശങ്കാജനകമായ ഒരു സംഭവം, പനാമ പതാകയേന്തിയ 'താര ഗ്യാസ്' എന്ന എൽപിജി ടാങ്കറിന് നേരെ വീണ്ടും ആക്രമണമുണ്ടായി. തുടർന്ന് കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും കപ്പൽ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി.'- കേന്ദ്രമന്ത്രി കുറിച്ചു. അധികൃതർ എണ്ണ ടാങ്കർ കമ്പനിയും രക്ഷാപ്രവർത്തകരുമായും ചേർന്ന് കാണാതായ നാവികനായി തിരച്ചിൽ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.

ഹൊർമുസിൽ ഇന്ത്യൻ നാവികർക്കുനേരെ കഴി‌ഞ്ഞ ഒരാഴ്‌ചയ്‌ക്കിടെയുണ്ടാകുന്ന രണ്ടാമത് ആക്രമണമാണിത്. നവംബർ 11ന് ലിബിയൻ ഉടമസ്ഥതയിലുള്ള എംടി ഡൊമിനിക്ക പ്രോസ്‌പരിറ്റി എന്ന കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു. ഇതിലെ 22 ക്രൂ അംഗങ്ങളിൽ 19പേരും ഇന്ത്യൻ നാവികരായിരുന്നു. ഇവരെ യുഎഇ കോസ്റ്റ് ഗാർഡ് രക്ഷിച്ചു.

രണ്ട് സംഭവങ്ങളും ഗൾഫ് തീരത്തുകൂടി പോകുന്ന കപ്പലുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നു. ആഗോള എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന കപ്പലുകളിൽ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസിലെ ആക്രമണം ലോകമാകെ രാജ്യങ്ങളിൽ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *