ലക്നൗ: പാട്നയിൽ നിന്ന് ലക്നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മിന്നലേറ്റതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.
104 യാത്രക്കാരും ആറ് ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 6E925 വിമാനം ഉച്ചയ്ക്ക് 3.10നാണ് പാട്നയിൽ നിന്ന് പുറപ്പെട്ടത്. ഇടിമിന്നലേറ്റതിനെത്തുടർന്ന് നിശ്ചയിച്ചിരുന്ന സമയത്തിന് എട്ട് മിനിട്ട് മുൻപ് ലക്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇതേ വിമാനമായിരുന്നു സർവീസ് നടത്തേണ്ടിയിരുന്നത്. എന്നാൽ അപകടത്തെത്തുടർന്ന് വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു. സംഭവത്തിൽ ഇന്ത്യൻ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി ക്ലിയറൻസ് ലഭിച്ചശേഷം മാത്രമേ ഇനി വിമാനത്തിന് സർവീസ് നടത്താൻ അനുമതി ലഭിക്കൂ.