350 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിൻ; യാത്രക്കാർ കാത്തിരിക്കേണ്ടത് നാല് വർഷം

ന്യൂഡൽഹി: രാജ്യം അതിവേഗ ട്രെയിൻ പദ്ധതികൾ യഥാർത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോക ഭൂപടത്തിൽ അതിവേഗ ട്രെയിനുകളുടെ വളർച്ച അതിവേഗമാണ്. ചൈനയും ജപ്പാനും ഇതിനോടകം തന്നെ വിപ്ലവപരമായ കണ്ടുപിടിത്തങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യ ആദ്യത്തെ അതിവേഗ ട്രെയിൻ നിർമ്മിക്കുമ്പോൾ തന്നെ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗം കൈവരിക്കുന്ന മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ആരംഭിച്ച വിവിധ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം?

ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2030 ആകുമ്പോഴേക്കും ബി 35 എന്നറിയപ്പെടുന്ന 350 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന അതിവേഗ ട്രെയിനുകൾ സ്വന്തമായി വികസിപ്പിക്കാനും നിർമ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇത് ജപ്പാൻ വികസിപ്പിച്ചെടുത്ത ഇ 10 സീരീസ് ട്രെയിനുകൾക്ക് തുല്യമാകുമെന്നാണ് റിപ്പോർട്ട്. 508 കിലോ മീറ്റർ ദൈർഘ്യമുള്ള മുംബയ് അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി 2030 ഡിസംബറോടെ പൂർത്തിയാക്കാനാണ് പദ്ധതി.

ഇതിന്റെ ചെറിയൊരു ഭാഗം അടുത്തവർഷത്തോടെ തുറക്കാൻ സാദ്ധ്യതയുണ്ട്. ഇതിനുവേണ്ടി മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിൻ നിർമ്മിക്കുകയാണ്. മുംബയ്- അഹമ്മദാബാദ് ഇടനാഴിയിൽ തുടക്കത്തിൽ ബി 28 ട്രെയിനുകൾ സർവീസ് നടത്തും. എന്നാൽ അവയുടെ പരമാവധി വേഗത മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. മുംബയ്- അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ പുതുക്കിയ ചെലവിന് അംഗീകാരം തേടുന്നതിനുള്ള റെയിൽവെ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നത്.

2 ലക്ഷം കോടിയിലധികം രൂപയുടെ പുതുക്കിയ പദ്ധതിച്ചെലവിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതിച്ചെലവിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടായതിൽ, അധിക ചെലവ് ബഡ്ജറ്റ് പിന്തുണയിലൂടെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. 2024 ഡിസംബറിൽ ജപ്പാൻ നിലവിലുള്ള ഇ5 സീരീസ് ട്രെയിനുകളുടെ ഉത്പാദനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതായി അറിയിച്ചതിനെത്തുടർന്ന് ബി 35 ട്രെയിനുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം മന്ത്രിസഭയെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇ10 സീരീസിന്റെ നിർമ്മാണം 2030 ൽ ആരംഭിക്കുമെന്നും 2034 ഓടെ ട്രെയിനുകൾ പ്രവർത്തനത്തിന് തയ്യാറാകുമെന്നാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *