സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. എന്നാൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ നിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *