പണമിടപാടുമായി ബന്ധപ്പെട്ട തർക്കം: യുവതിയെ കഴുത്തറുത്തുകൊന്ന് മൃതദേഹം കനാലിൽ തള്ളി , ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

അമരാവതി: ആന്ധ്രപ്രദേശിൽ സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

വിജയവാഡയിൽ സെപ്തംബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതിനിടെ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് മൃതദേഹം ഒൻപത് കഷ്ണങ്ങളായി മുറിച്ച് കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ ഗൊല്ലപൂഡി പ്രദേശത്തെ കനാലിൽ തള്ളുകയായിരുന്നു. തലയില്ലാത്ത മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കനാലിന്റെ വിവിധഭാഗങ്ങളിൽ നിന്നായി മറ്റുശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകത്തിന് പിന്നിൽ ഷാഫിയാണെന്ന് പൊലീസ് കണ്ടെത്തിയത്.

ഭാര്യയേയും മക്കളെയും ഗുണ്ടൂരിലെ വീട്ടിലേയ്ക്ക് അയച്ച ശേഷമായിരുന്നു ഷാഫി കല്യാണിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും മറ്റുവിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *