ദുബായ്: അട്ടിമറി ശ്രമം നടന്ന ഫ്ലൈദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങൾ അക്രമകാരിയായ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമിയെ സഹായിക്കാൻ ശ്രമിച്ചോ? വിമാന യാത്രക്കാർ നൽകിയ അഭിമുഖങ്ങളാണ് സംശയത്തിനു കാരണമാകുന്നത്. ഭീകരാക്രമണത്തിന് മുതിർന്ന പ്രതിയെ കെട്ടഴിച്ചു വിടാനാണ് ഫ്ലൈ ദുബായ് ജീവനക്കാർ ആവശ്യപ്പെട്ടതെന്ന് ഇയാളെ കീഴടക്കാൻ സഹായിച്ച രണ്ട് യാത്രക്കാർ ദി ന്യൂയോർക്ക് പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു."
തീവ്രവാദിയെ സ്വതന്ത്രനാക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു – എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല," ഹമാം അൽ-ഹമ്മാമിയെ കീഴടക്കിയ മൂന്ന് സാധാരണക്കാരിൽ ഒരാളായ ബാങ്കിംഗ് എക്സിക്യൂട്ടീവ് ത്വിക മാനെസ് പറഞ്ഞു. "തീവ്രവാദിയെ മോചിപ്പിക്കാനാണ് അവർ പറഞ്ഞത് – അത് കേട്ടതോടെ ഞങ്ങൾക്ക് വിമാന ജീവനക്കാരെയും പെട്ടെന്ന് സംശയമായി," കോക്ക്പിറ്റിന് അടുത്തുള്ള രണ്ടാം നിരയിൽ ഇരുന്നിരുന്ന റിയൽ എസ്റ്റേറ്റ് പ്രൊഫഷണലായ ഡാനിയൽ ഷ്ലിച്ച്റ്റർ പറഞ്ഞു.
തുടർന്ന് തർക്കമുണ്ടാവുകയും, യാതൊരു കാരണവശാലും സഹപൈലറ്റിനെ മോചിപ്പിക്കില്ലെന്ന് ഇസ്രായേലി യാത്രക്കാർ ഉറപ്പിച്ചു പറയുകയും ചെയ്തു. " 'നിങ്ങൾ ദൈവമല്ല, ഇയാളെ കൊല്ലാൻ നിങ്ങൾക്ക് അവകാശമില്ല' എന്ന് ജീവനക്കാർ പറഞ്ഞു," മാനെസ് ഓർത്തെടുത്തു. "ഞങ്ങൾക്ക് ഇയാളെ കൊല്ലണമെന്ന് ഉണ്ടമായിരുന്നില്ല, ഇയാൾ ഞങ്ങളെ കൊല്ലാതിരുന്നാൽ മാത്രം മതിയെന്നേ ഉണ്ടായിരുന്നുള്ളൂ." അന്വേഷണ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാൻ അൽ-ഹംമാമി ജീവനോടെ വേണമെന്നുള്ളതുകൊണ്ട് ഇസ്രായേലികൾ ഇയാൾക്ക് ഓക്സിജൻ മാസ്ക് നൽകി.
യാത്രക്കാർ തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങണമെന്നും കോക്ക്പിറ്റിന് മുന്നിലുള്ള സ്ഥലം ഒഴിയണമെന്നും ക്യാബിൻ ക്രൂ നിർബന്ധിച്ചു. എന്നാൽ ആക്രമണത്തിൽ വിമാന ജീവനക്കാർക്കും പങ്കുണ്ടോ എന്ന് ഭയന്ന ഇസ്രായേലി യാത്രക്കാർ, ജീവനക്കാരോട് വിമാനത്തിന്റെ മധ്യഭാഗത്തുള്ള സീറ്റുകളിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു.
i24ന്യൂസ് പങ്കുവെച്ച വീഡിയോയിൽ, വസ്ത്രങ്ങളിൽ രക്തക്കറപുരണ്ട നിലയിലുള്ള അൽ-ഹമ്മാമിയുടെ കൈകൾ പുറകോട്ട് കെട്ടി വിമാനത്തിനുള്ളിൽ മുട്ടുകുത്തി ഇരുത്തിയിരിക്കുന്നത് കാണാം. 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ "പോലീസ് മാത്രം", "പോലീസിന് മാത്രമേ നൽകൂ" എന്ന് യാത്രക്കാർ ആവർത്തിച്ച് പറയുന്നതും കേൾക്കാം. മുഖം വ്യക്തമല്ലാത്ത ഒരു യാത്രക്കാരൻ "ഒരു മണിക്കൂർ 40 മിനിറ്റ്. ഇനി 5 മിനിറ്റ് കൂടി" എന്ന് പറയുന്നതും കേൾക്കാം. ഇത്രയും സമയം തങ്ങൾ സഹപൈലറ്റിനെ നിയന്ത്രണത്തിലാക്കി നിർത്തിയെന്നും, ഇനി അഞ്ച് മിനിറ്റ് കൂടി കാത്തിരുന്ന് ഇയാളെ പ്രാദേശിക പോലീസിന് കൈമാറാമെന്നുമാണ് അവർ ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു.
ക്രാഷ് ആക്സ് (കോടാലി) ഉപയോഗിച്ച് ആക്രമിക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം (FZ 1073) തകർന്നു വീഴുന്നതിൽ നിന്ന് രക്ഷപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ, ഡ്യൂട്ടിയിലില്ലാതിരുന്ന രണ്ട് പൈലറ്റുമാർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം തകർക്കാനുള്ള നീക്കം തടയുകയും ചെയ്തു. ഒമാൻ പൗരനായ ഹമാം അൽ-ഹംമാമി എന്ന സഹപൈലറ്റിനെ കെട്ടിയിട്ട യാത്രക്കാർ, ഇയാളെ പ്രാദേശിക പോലീസിന് മാത്രമേ കൈമാറൂ എന്ന് വ്യക്തമാക്കി.