ബെംഗളൂരു: യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പാദരായണപുര സ്വദേശി സെയ്ദ് അജി മുഹമ്മദിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിൽപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിലെ വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് സംഭവം. ആക്രിസാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന 45കാരനായ സെയ്ദ് മുഹമ്മദിനെയാണ് അക്രമികൾ ആക്രമിച്ചത്. ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് വീരണ്ണ ഗുട്ടയിലെത്തിയ ഇയാളെ പ്രതികൾ ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി. തുടർന്ന് കൈകാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തുകയായിരുന്നു.
തീ പടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റ സെയ്ദ് കുന്നിൻ മുകളിൽനിന്ന് താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു. റോഡിൽ പൊള്ളലേറ്റ് കിടക്കുന്ന യുവാവിനെ കണ്ട സമീപവാസികളും യാത്രക്കാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
വീരണ്ണ ഗുട്ടയിലെ ആളൊഴിഞ്ഞ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രമാണെന്ന് നാട്ടുകാർ ആരോപിച്ചു. തൊഴിൽപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.