ഭര്‍ത്താവിനെ ജയിലില്‍ നിന്നും മോചിപ്പിക്കണം ; ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികത കൈക്കൂലി വാങ്ങിയെന്ന് ഭാര്യ ; തടവുകാരനെ മോചിപ്പിക്കാന്‍ വ്യാജ സുപ്രീംകോടതി ഉത്തരവ് ഉണ്ടാക്കി

ബംഗളൂരു: ഭര്‍ത്താവിനെ ജയില്‍മോചിതനാകാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ജയില്‍ ഉദ്യോഗസ്ഥന്‍ ലൈംഗികത കൈക്കൂലി വാങ്ങിയെന്ന് ആരോ പിച്ച് തടവുപുള്ളിയുടെ ഭാര്യ. ജീവപര്യന്തം തടവുകാരനായ തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക മായി ചൂഷണം ചെയ്തുവെന്ന് തടവുകാരന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗളൂരു സെന്‍ട്രല്‍ ജയിലിലെ മുന്‍ ചീഫ് സൂപ്രണ്ടും, നിലവില്‍ ജയില്‍-കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ ഡി.ഐ.ജിയുമായ ഉദ്യോഗസ്ഥന്‍ സോമശേഖര്‍ക്കെതിരേയാണ് ആരോപണം. 2018-ല്‍ വ്യാജ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷാങ്കര്‍ എ. എന്ന തടവുകാരന്‍ മോചിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിനിടയിലാണ് ആരോപണം പുറത്തുവന്നത്. ഷാങ്കര്‍ എന്ന തടവുകാരന്റെ മോചനത്തിന് സോമശേഖര്‍ സഹായിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഷാങ്കറുടെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ്, ഭര്‍ത്താവിന്റെ മോചനം ഉറപ്പാക്കുന്നതിനായി സോമശേഖര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് അവര്‍ വെളിപ്പെടുത്തിയത്.

2004-ല്‍ ചിക്പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളാണ് ഷാങ്കര്‍. ഈ വ്യാജ ഉത്തരവിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഷാങ്കറുടെ മോചനത്തെക്കുറിച്ചും മുന്‍ ജയില്‍ ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തില്‍ പരപ്പന അഗ്രഹാര പോലീസ് കസ്റ്റഡിയിലെടുത്ത സോമശേഖറിനെ കോടതിയില്‍ ഹാജരാക്കുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *