ന്യൂഡൽഹി: മൂന്ന് പുതിയ സുപ്രീം കോടതി ജഡ്ജിമാർ കൂടി സത്യപ്രത്രിജ്ഞ ചെയ്തു. ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവരാണ് ചൊവ്വാഴ്ച ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഇതോടെ സുപ്രീം കോടതിയിലെ നിലവിലുള്ള ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു. അനുവദനീയമായ ആകെ ജഡ്ജിമാരുടെ എണ്ണത്തേക്കാൾ ഒന്നു മാത്രമാണ് ഇനി കുറവുള്ളത്.
ഗുജറാത്ത്, ഡൽഹി, തെലങ്കാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന ജസ്റ്റിസ് അഗർവാൾ, ജസ്റ്റിസ് ഉപാധ്യായ, ജസ്റ്റിസ് സിംഗ് എന്നിവർക്ക് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതി ജഡ്ജിമാർ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മറ്റ് മുതിർന്ന അഭിഭാഷകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
സുപ്രീം കോടതിയിലെ 13-മത് വനിതാ ജഡ്ജിയായ ജസ്റ്റിസ് അഗർവാളിന്റെ സ്ഥാനക്കയറ്റത്തോടെ, പരമോന്നത കോടതിയിലെ നിലവിലുള്ള വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി. വരുന്ന വർഷം സെപ്റ്റംബർ 24-ന് ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ ഇരിക്കുന്ന ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് വി. മോഹന എന്നിവരാണ് നിലവിലുള്ള മറ്റ് രണ്ട് വനിതാ ജഡ്ജിമാർ.
ജസ്റ്റിസ് എൻ.വി. രമണ ചീഫ് ജസ്റ്റിസായിരുന്ന കാലത്താണ് സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ വനിതാ ജഡ്ജിമാർ (നാല് പേർ) സേവനമനുഷ്ഠിച്ചിരുന്നത് – ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് ബെലാ എം. ത്രിവേദി എന്നിവരായിരുന്നു അവർ. ഇതിൽ അവസാനത്തെ മൂന്ന് പേർ 2021 ഓഗസ്റ്റ് 31-നാണ് സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം മൂന്ന് വനിതാ ജഡ്ജിമാരെ ശുപാർശ ചെയ്തപ്പോൾ, ചീഫ് ജസ്റ്റിസ് കാന്തിന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള കൊളീജിയം ഇതുവരെ രണ്ട് വനിതാ ജഡ്ജിമാരെയാണ് നിയമിച്ചത്.
സുപ്രീം കോടതി സ്ഥാപിതമായി 39 വർഷങ്ങൾക്ക് ശേഷം, 1989 ഒക്ടോബർ 6-നാണ് എം. ഫാത്തിമ ബീവിയിലൂടെ സുപ്രീം കോടതിക്ക് ആദ്യത്തെ വനിതാ ജഡ്ജിയെ ലഭിക്കുന്നത്. 1989 ഏപ്രിൽ 29-ന് കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയെ വിരമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തിയത്. ജസ്റ്റിസ് സുജാത വി. മനോഹർ, ജസ്റ്റിസ് റൂമ പാൽ, ജസ്റ്റിസ് ഗ്യാൻ സുധാ മിശ്ര, ജസ്റ്റിസ് രഞ്ജന പി. ദേശായി, ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് സുപ്രീം കോടതിയിലെ മറ്റ് മുൻ വനിതാ ജഡ്ജിമാർ.