ഡല്‍ഹി:ഇൻഡിഗോയ്ക്ക് പിന്നാലെ ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും ഇന്ധന സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധന വില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് കമ്പനികൾ അറിയിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
ഇൻഡിഗോയാണ് ഈ മാസം അഞ്ചിന് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ചത്. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. യാത്രാദൂരത്തിന് അനുസരിച്ചാണ് പുതിയ നിരക്ക്. 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതൽ 1,000 കിലോമീറ്റർ വരെ 600 രൂപയും 2,000 കിലോമീറ്ററിന് മുകളിൽ 1,300 രൂപയുമാണ് പുതിയ ഇന്ധന സർചാർജ്.
നേരത്തെ ഈ നിരക്കുകൾ യഥാക്രമം 275, 400, 950 രൂപയായിരുന്നു. രാജ്യാന്തര സർവീസുകളിൽ റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1,000 മുതൽ 10,000 രൂപ വരെയും സർചാർജ് വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ വിമാന ഇന്ധന വില ലിറ്ററിന് 137 രൂപയാണ്. ഒക്ടോബറിൽ ഇന്ധന വില 16 രൂപ വർധിച്ചിരുന്നു. പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് നിലവിലെ വിമാന ഇന്ധന വിലയെന്നും ഇൻഡിഗോ വ്യക്തമാക്കി.