മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി കേസില്‍ മലക്കംമറിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്നായിരുന്നു കെഎസ്യുവിന്റെ പ്രതികരണം.ഫെബ്രുവരി 25 നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്‌ഐആര്‍. കേസില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുല്‍ എംസി ഉള്‍പ്പടെ അഞ്ച് പ്രവര്‍ത്തകരെ അറസ്റ്റിലായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ മുന്‍ മന്ത്രിക്കെതിരായതോടെ കോടതി ഇവര്‍ക്ക് ജാമ്യം നല്‍കി. ആക്രമിച്ചിട്ടില്ലെന്ന് വീണാ ജോര്‍ജും മൊഴി നല്‍കിയതോടെയാണ് പൊലീസിന്റെ മലക്കംമറിച്ചില്‍.കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കെട്ടിച്ചമച്ച കേസില്‍ നിരപരാധികളെ ജയിലില്‍ കിടത്തിയതിന് വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേസില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആവശ്യപ്പെട്ടു. കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം വേണമെന്ന് കെഎസ്യു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.