ന്യൂഡൽഹി: ഷാർജ ആങ്കറേജിൽ വെച്ച് പനാമ പതാകയേന്തിയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 22 ഇന്ത്യൻ പൗരന്മാർ ജീവനക്കാരായിട്ടുള്ള 'എംടി ജെം നമ്പർ 2' എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അധികാരികൾ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സോനോവാൾ പറഞ്ഞു.
"ഒക്ടോബർ 9-ന്, 22 ഇന്ത്യൻ പൗരന്മാരായ ജീവനക്കാരുമായി ഷാർജ ആങ്കറേജിൽ നിലയുറപ്പിച്ചിരുന്ന പനാമ പതാകയേന്തിയ ക്രൂഡ് ഓയിൽ ടാങ്കറായ 'എംടി ജെം നമ്പർ 2' ന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. കപ്പലിലുള്ള നമ്മുടെ 22 ഇന്ത്യൻ നാവികരും പൂർണ്ണമായും സുരക്ഷിതരാണെന്ന വിവരം അറിയിക്കുന്നതിൽ എനിക്ക് ആശ്വാസമുണ്ട്," സോനോവാൾ എക്സിൽ കുറിച്ചു.
യുഎഇയുടെ ദുബായ് മേഖലയിലെ അറബിക്കടലിലാണ് ഷാർജ ആങ്കറേജ് സ്ഥിതി ചെയ്യുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നാവികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഗൾഫ് മേഖലയിലും കരിങ്കടലിലും വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. സമുദ്ര വ്യാപാരത്തെയും നാവികരെയും സംരക്ഷിക്കുന്നതിനായി ശക്തമായ അന്താരാഷ്ട്ര ഏകോപനം വേണമെന്ന് ഇന്ത്യയും ലൈബീരിയയും ആവശ്യപ്പെട്ടു.