കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവ്; നെറ്റ്‌ഫ്ലിക്സിൽ കൂട്ടപ്പിരിച്ചുവിടൽ, 850 പേർക്ക് ജോലി നഷ്ടമായേക്കും

കാലിഫോർണിയ: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്സ്. പക്ക് ന്യൂസാണ് ഇതുസംബന്ധിച്ച ന്യൂസ് പുറത്തുവിട്ടത്. കാഴ്ചക്കാരുടെഎണ്ണത്തിലുണ്ടായ കുറവും ഈ വർഷം ഉടനീളം ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് ഇതിന് കാരണമെന്നാണ് അനൗദ്യോഗിക വിവരം.

അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ നാല് വർഷത്തിനിടെ നെറ്റ്‌ഫ്ലിക്സ് നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാണിത്. ഒക്ടോബർ 29ന് മുൻപ് 850 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഏകദേശം 17,000 ആണ് നിലവിലെ ജീവനക്കാരുടെ എണ്ണം.

ഏതെല്ലാം വിഭാഗക്കാരെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യത്തിൽ 40 ശതമാനമാണ് ഇടിവുണ്ടായത്. 2026ന്റെ ആദ്യ പകുതിയിൽ ഉപയോക്താക്കളുടെ ഇടപെടൽ വെറും രണ്ട് ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഇതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പക്ക് റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്‌ഫ്ലിക്സിൽ മാത്രമല്ല ഡിസ്നിയിലും ഈ വർഷം പിരിച്ചുവിടൽ നടന്നിരുന്നു. ഡിസ്നി ഈ വർഷം മൂന്ന് തവണയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *