പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന ആരോപണവുമായി ലോംഗ്ജംപ് മലയാളി താരം എം ശ്രീശങ്കർ. മുഖ്യമന്ത്രിയോ കായികമന്ത്രിയോ സർക്കാരിൽ നിന്ന് മറ്റാരെങ്കിലുമോ ഇതുവരെ വിളിച്ച് സംസാരിച്ചില്ലെന്ന് ശ്രീശങ്കർ പറഞ്ഞു. തമിഴ്നാട് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകിയെന്നും കേരളത്തിന്റെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കേരളത്തിൽ പാരിതോഷികവും ആനുകൂല്യങ്ങളും താരതമ്യേന കുറവാണ്. കുറവ് പാരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലുള്ളത് മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ വ്യക്തമാക്കി.
തമിഴ്നാട് സർക്കാരിൽ നിന്ന് തനിക്ക് വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഒളിമ്പിക്സ് മുന്നിൽ നിൽക്കുന്നതിനാൽ മികച്ച പിന്തുണ ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തമിഴ്നാട് സർക്കാർ സ്‌പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റി വഴി താരങ്ങൾക്കായി വിവിധ സ്‌കീമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള താരങ്ങൾക്ക് അത്തരത്തിൽ യാതൊരു സ്‌കീമുകളുമില്ല. പരിശീലനത്തിനും യാത്ര ചെലവിനും ഉൾപ്പെടെ ഭീമമായ തുക വേണ്ടിവരും. ഇതിലൊന്നും സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാറില്ല. നാട്ടിലെ ട്രാക്ക് പോലും സർക്കാർ ശരിയാക്കിയില്ലെന്നും ശ്രീശങ്കർ വ്യക്തമാക്കി.