തിരുവനന്തപുരം: മുത്തങ്ങാ സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം. നേരത്തേയുണ്ടായ കോടതിവിധിയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. നഷ്ടപരിഹാരം പോലീസില്‍ നിന്നും ഈടാക്കാനാണ് നീക്കം. നഷ്ടപരിഹാരം നല്കാനുള്ള ആദ്യ കോടതിവിധിക്കെതിരേ സര്‍ക്കാരും പ്രതികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും നല്‍കിയ അപ്പീലും തള്ളിയിരുന്നു.
നഷ്ട പരിഹാരം നല്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് കേസില്‍ 23 വര്‍ഷത്തിന് ശേഷമാണ് നീതി കിട്ടുന്നത്. വയനാട് ഡയറ്റില്‍ ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്നതിനിടയില്‍ മുത്തങ്ങ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപിച്ചാണ് അധ്യാപകനായ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 32 ദിവസം സുരേന്ദ്രന്‍ ജയിലില്‍ കിടക്കുകയും പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയാവുകയും ചെയ്തു.
തുടര്‍ന്ന് പൊലീസിനെതിരെ ശക്തമായ നിയമ പോരാട്ടമാണ് സുരേന്ദ്രന്‍ നടത്തിയത്. ഒടുവില്‍ സുരേന്ദ്രന്റെ വാദം ശരിവച്ച് സുല്‍ത്താന്‍ബത്തേരി സബ്‌കോടതി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. എന്നാല്‍ വിധിക്കെതിരെ സര്‍ക്കാര്‍ വീണ്ടും കോടതിയില്‍ എത്തിയപ്പോള്‍ അപ്പീല്‍ തള്ളിക്കൊണ്ട് കീഴ്കോടതി വിധിച്ച നഷ്ടപരിഹാരം ഇരട്ടിയാക്കി കൂട്ടി വയനാട് ജില്ലാ കോടതി ഉത്തരവിട്ടു. പോലീസിന്റെ ക്രൂരമര്‍ദനത്തില്‍ ശരീരം തളര്‍ന്നുവെങ്കിലും തനിക്കെതിരെ എടുത്ത വ്യാജ കേസിനും ക്രൂരമര്‍ദനത്തിനും മറുപടി പറയിച്ചു.