കൊല്ലം: പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കൊല്ലം പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേലാണ് (അലക്സ് -64) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിൽ താമസിച്ചിരുന്നത്.
കഴിഞ്ഞ 20ന് രാവിലെയാണ് ജോസിനെ മരിച്ചനിലയിൽ മറിയാമ്മ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഇവർ പറഞ്ഞത്. എന്നാൽ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പരിശോധന നടത്തിയ ശേഷം ഇടവ പള്ളിയിൽ സംസ്കരിച്ചു.
മൃതദേഹപരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംസ്കാരത്തിന് ശേഷം ചെന്നൈയിലേക്ക് പോയ മറിയാമ്മ തിരുവള്ളൂർ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയിൽ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ കഴിയുകയായിരുന്നു.
ഫോൺ രേഖകൾ പരിശോധിച്ചാണ് പൊലീസ് സംഘം മറിയാമ്മ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. മകൻ ജിജിയും മരുമകൾ പ്രീതിയും തിരുവനന്തപുരത്താണ് താമസം. ജോസും കുടുംബവും മുൻപ് ചെന്നൈയിൽ താമസിച്ചിട്ടുണ്ട്. ഭർത്താവിനെ പരിചരിക്കുന്നതിൽ മറിയാമ്മ നേരിട്ട ബുദ്ധിമുട്ടുകളും ഇവർ തമ്മിലുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.