സിയോൾ: പരീക്ഷാഹാളുകളിൽ ഒളിപ്പിച്ചുവച്ച മൊബൈൽ ഫോണുകൾ കണ്ടെത്താൻ വേറിട്ട വഴിയുമായി ദക്ഷിണ കൊറിയ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷയായ 'സുന്യൂംഗ്' നടക്കുന്നതിനിടെയാണ് രാജ്യവ്യാപകമായി അടിയന്തര ദുരന്തമുന്നറിയിപ്പ് അലാം മുഴക്കി അധികൃതർ കോപ്പിയടിക്കാരെ കുടുക്കിയത്. പരിശോധനയിൽ ആകെ 98 വിദ്യാർത്ഥികളാണ് പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് പിടിയിലായത്.
മിസൈൽ ആക്രമണങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ഉപയോഗിക്കുന്ന ദേശീയ അലർട്ട് സംവിധാനമാണ് അധികൃതർ ഇതിനായി പ്രയോജനപ്പെടുത്തിയത്. ഫോണുകൾ സൈലന്റ് മോഡിൽ ഇട്ടിരുന്നാൽ പോലും ഈ അലാം മുഴങ്ങുമ്പോൾ പരമാവധി ശബ്ദത്തിൽ റിംഗ് ചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരീക്ഷാഹാളുകളിൽ ഒളിപ്പിച്ച ഫോണുകൾ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8.30ന് മുഴക്കിയ 10.5 സെക്കൻഡ് നീണ്ട ആദ്യ അലാമിൽ തന്നെ 31 വിദ്യാർത്ഥികളുടെ കൈവശം ഒളിപ്പിച്ചുവച്ച ഫോണുകൾ ശബ്ദിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് ഘട്ടങ്ങളിലായി വീണ്ടും മുന്നറിയിപ്പ് മുഴക്കിയതോടെ ഫോൺ കൈവശം വച്ചതിന് ആകെ 49 പേർ പിടിയിലായി. അലാമിന് പുറമെ വൈഫൈ, ബ്ലൂടൂത്ത് സിഗ്നലുകൾ നിരീക്ഷിച്ചും അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ സ്മാർട്ട് വാച്ചുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൈവശം വച്ച 44 പേരെ കൂടി പിടികൂടി. ദക്ഷിണ ചുംഗ്ചിയോംഗ് പ്രവിശ്യയിൽ ഒരാൾ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചതും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തുടനീളം ഒരേസമയം അലാം മുഴങ്ങിയത് പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറത്തുള്ള സാധാരണക്കാരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. കൊറിയൻ ഉപദ്വീപിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കാരണം ഏതെങ്കിലും സൈനിക ആക്രമണത്തിന്റെ മുന്നറിയിപ്പാണോ ഇതെന്ന് പലരും ഭയപ്പെട്ടു. എന്നാൽ, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു.
പിടിയിലായ വിദ്യാർത്ഥികളെ കൂടുതൽ അന്വേഷണത്തിനായി അധികൃതർക്ക് കൈമാറി. ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതായി തെളിഞ്ഞാൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ദേശീയ ടാക്സ് അക്കൗണ്ടന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി മിനിയേച്ചർ ക്യാമറ ഉപയോഗിച്ച് കോപ്പിയടിച്ചതായി സമ്മതിച്ചിരുന്നു. ഇതോടെയാണ് സുരക്ഷ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.