ലഖ്നൗ: പുതിയ സംസ്ഥാന അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിനു മുമ്പ് ഉത്തർപ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് ചെരിപ്പേറും തമ്മിൽതല്ലും. സ്ഥാനമൊഴിയുന്ന സംസ്ഥാന അധ്യക്ഷൻ അജയ് റായിക്ക് വഴിമാറിക്കൊടുക്കുന്നതിനെ ചൊല്ലി അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസ് കൗൺസിലർ മമത ചൗധരിയുമായി ബന്ധപ്പെട്ട സംഘവും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പാർട്ടി ആസ്ഥാനം കലുഷിതമാവുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ പറയുന്നതനുസരിച്ച്, സംസ്ഥാന അധ്യക്ഷൻ വരുന്നുണ്ടെന്നും പ്രവേശന കവാടത്തിന് സമീപം നിൽക്കുന്നവരോട് വഴിമാറണമെന്നും അജയ് റായിയുടെ അനുയായികൾ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. "ഏത് അധ്യക്ഷൻ?" എന്ന് മമത ചൗധരി ചോദിച്ചതാണ് ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിന് കാരണമായത്.വാക്കുതർക്കം പെട്ടെന്ന് തന്നെ വഷളാവുകയും ഇരുവിഭാഗത്തിലെയും അനുയായികൾ പരസ്പരം ഷൂ എറിഞ്ഞ് ആക്രമിക്കുകയും ചെയ്തു.
അജയ് റായിയുടെ അനുയായികൾ, മമത ചൗധരി സ്ഥാനമൊഴിയുന്ന അധ്യക്ഷനെ അപമാനിച്ചുവെന്ന് ആരോപിക്കുകയും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ അജയ് റായ് അസ്വസ്ഥനായിരുന്നുവെന്നും, ഔദ്യോഗിക കൈമാറ്റ ചടങ്ങിൽ പങ്കെടുക്കാതെ ആസ്ഥാനത്ത് നിന്ന് മടങ്ങാൻ അദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നതായും പാർട്ടി പ്രവർത്തകരിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.
സമവായ ശ്രമങ്ങളെ തുടർന്ന് റായ് ആസ്ഥാനത്തേക്ക് തിരികെ എത്തുകയും പിൻഗാമിയായ മോനയ്ക്ക് ഔദ്യോഗികമായി ചുമതല കൈമാറുകയും ചെയ്തു. ചുമതല കൈമാറ്റത്തിൽ റായ് പങ്കെടുത്തുവെങ്കിലും, ചുമതലയേറ്റ ശേഷം യു.പി കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ മോന നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ അജയ് റായിയുടെ സാന്നിധ്യമില്ലാതിരുന്നത് ശ്രദ്ധേയമായി. ചുമതലയേറ്റ മോന വാർത്താസമ്മേളനം നടത്തി ഭാവി പരിപാടികൾ വിശദീകരിച്ചു.