അപൂർവങ്ങളിൽ അപൂർവം; ഒഡീഷയിൽ രണ്ടു തലയുള്ള ആൺകുഞ്ഞ് ജനിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റിലെ സ്‌പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഇതൊരു അപൂർവ അവസ്ഥയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഒരു ശരീരത്തിൽ രണ്ട് തലകളും കഴുത്തുകളുമുള്ള ഈ അവസ്ഥയെ വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞുങ്ങളുടെ അമ്മ കാന്ധമാൽ ജില്ലയിലെ ടുമുഡിബന്ദ് പ്രദേശവാസിയാണ്. അച്ഛൻ ദിവസക്കൂലി തൊഴിലാളിയാണെന്നാണ് റിപ്പോർട്ട്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുട്ടി ജനിച്ചത്. അമ്മയെ വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റി.

ഒരു ജോടി കൈകളും കാലുകളുമുള്ള ആൺകുട്ടിയാണ് ജനിച്ചത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോൾ ഉള്ളത്. അപൂർവങ്ങളിൽ അപൂർവമായി ( മൂന്ന് ലക്ഷം ജനനങ്ങളിൽ ഒന്നിൽ മാത്രം) മാത്രമാണ് സമാനമായ കുട്ടികളുടെ ജനനം റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *