വയനാട്ടില്‍ ആദിവാസി ശ്മശാനം വെട്ടിനിരത്തി ; ബെം​ഗളൂരു മലയാളിക്കെതിരെ കേസെടുത്ത് പോലീസ്

വയനാട്: മീനങ്ങാടി ചൂതുപാറ ചെറുവയലിൽ കുറുമ വിഭാഗത്തിൽ പെട്ടവരുടെ ശ്മശാനം വെട്ടി നിരത്തിയതിൽ കേസ് എടുത്ത് പോലീസ്. അയൽവാസിയായ ബംഗലൂരു മലയാളി ജയലക്ഷ്മിക്കെതിരെയാണ് കേസ്. മീനങ്ങാടി ചൂതുപാറയിലെ രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് കുറുമ വിഭാഗക്കാരുടെ ശ്മശാനം. അഞ്ചു ഊരുകളിലെ എഴുന്നൂറിൽ അധികം വരുന്ന കുടുംബങ്ങളുടെ പൈതൃക ശ്മശാനത്തിന്റെ ഒരു ഭാഗമാണ് ജെസിബി ഉപയോഗിച്ച് വെട്ടി നിരത്തിയത്.

കുറുമ ഗോത്രവിഭാഗത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന പൈതൃക ശ്മശാന ഭൂമി സ്വകാര്യ റിസോര്‍ട്ട് ഉടമ കയ്യേറുകയും വെട്ടിനിരത്തുകയും ചെയ്തതായാണ് ഊര് നിവാസികളുടെ പരാതി. പൈതൃക ഭൂമിയും ശ്മശാന സ്ഥലവും നശിപ്പിക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കയ്യേറ്റം ഒഴിപ്പിക്കണമെന്നും, ശ്മശാന ഭൂമി സംരക്ഷിക്കാന്‍ റവന്യൂ-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളും പോലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരും ഊര് നിവാസികളും ആവശ്യപ്പെടുന്നത്. കുറുമ സമുദായത്തിന്റെ ആചാരങ്ങളും മരണാനന്തര ചടങ്ങുകളും പൈതൃക ശ്മശാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഇത്തരം ഭൂമികള്‍ നശിപ്പിക്കപ്പെടുന്നത് സമുദായത്തിന് വലിയ സാമൂഹിക-സാംസ്‌കാരിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയക്ക് പിന്നാലെ അയൽവാസിയായ സ്ഥലം ഉടമ ബംഗലൂരു മലയാളി ജയലക്ഷ്മിക്കെതിരെ മീനങ്ങാടി പോലിസ് കേസ് എടുത്തു. പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്. അനധികൃതമായി അതിക്രമിച്ചു കടക്കൽ, സ്വത്ത് നശിപ്പിക്കൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കാലങ്ങളായി സംരക്ഷിച്ചു പോരുന്ന ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്ത ഭാഗത്താണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത് എന്ന് ഊര് നിവാസികൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *