മീററ്റ്: രാജ്യത്തെ നടുക്കിയ മീററ്റ് നീല ഡ്രം കൊലക്കേസിൽ പ്രതികളായ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ വിധിച്ച് കോടതി. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശ് മീററ്റിലെ പ്രാദേശിക കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. 126 തവണ വാദം കേട്ടതിനും 22 സാക്ഷികളുടെ മൊഴികൾ പരിശോധിച്ചതിനും ശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര ശിക്ഷ വിധിച്ചത്.
സൗരഭിനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി നീല നിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ഡ്രമ്മിൽ സിമന്റും മണലും ഉപയോഗിച്ച് ഒളിപ്പിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരെയും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചത്.
2025 മാർച്ച് മൂന്നിന് മീററ്റിലെ ഇന്ദ്ര നഗറിലുള്ള വീട്ടിൽവച്ച് മുസ്കാൻ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവായ സൗരഭിനെ ബോധരഹിതനാക്കുകയും തുടർന്ന് വീട്ടിലെത്തിയ സാഹിലിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം കഷണങ്ങളാക്കി ബാത്ത്റൂമിൽവച്ച് ഒളിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പിന്നീട് ദുർഗന്ധം പുറത്തുവരാതിരിക്കാനായി മൃതദേഹത്തിന്റെ കഷ്ണങ്ങൾ നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി. തുടർന്ന് മണലും സിമന്റും ചേർത്ത മിശ്രിതം ഒഴിച്ച് ഡ്രം അടച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നാലെ ഇരുവരും ഹിമാചൽ പ്രദേശിലേക്ക് പോയി. സൗരഭ് ജീവനോടെയുണ്ടെന്നും യാത്രയിലാണെന്നും തോന്നിപ്പിക്കാൻ മുസ്കാൻ ഭർത്താവിന്റെ ഫോണിൽനിന്ന് ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2025 മാർച്ച് 17ന് ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് വീട്ടിലെത്തി അധികൃതരുടെ സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു. ഡ്രം തുറന്നപ്പോഴാണ് സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ മുസ്കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു.
കേസിൽ സാഹചര്യത്തെളിവുകൾ, സാങ്കേതിക തെളിവുകൾ, ഭൗതിക തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് മുമ്പ് ഡ്രം, സിമന്റ്, മണൽ, കത്തികൾ തുടങ്ങിയവ വാങ്ങിയതുമായി ബന്ധപ്പെട്ട് കടയുടമകളും മൊഴി നൽകിയിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഭീതിയുണ്ടാക്കുന്നതാണെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി വ്യക്തമാക്കി.