അഫ്ഗാനിസ്താനിലെ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് കുട്ടികള്‍ മരിച്ചു , 99 പേര്‍ക്ക് പരിക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 90-ലധികം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളിന് സമീപത്തെ ഒരു സംഭരണശാലയിലാണ് ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നതായി താലിബാന്‍ മിനിസ്ട്രി വകതാവ് പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ അസദാബാദ് ജില്ലയുടെ പ്രാന്തപ്രദേശമായ അന്തര്‍സറിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഇവിടെ ഖനന കമ്പനികളുടെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രമുണ്ടെന്ന വിവരം അപകടത്തിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. സംഭരണശാലയിലുണ്ടായ അനാസ്ഥ മൂലമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരുടെ നില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

അതേസമയം പരിക്കേറ്റവരില്‍ 15 പേര്‍ ആശുപത്രിയില്‍ തുടരുന്നുണ്ടെന്നും മറ്റുള്ളവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നും വിവരമുണ്ട്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കുനാര്‍ പ്രവിശ്യാ പോലീസ് ആസ്ഥാന വക്താവ് ഫരീദ് ദെഹ്ഖാന്‍ അറിയിച്ചു. അതേ സമയം കൃത്യമായ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്ന കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓഗസ്റ്റില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഒരു സ്‌കൂള്‍ സമുച്ചയത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 9-നും 14-നും ഇടയില്‍ പ്രായമുള്ള 40-ലധികം കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *