എഐ ഉപയോഗിച്ച് തന്റെ മുഖവും രൂപസാദൃശ്യവും അനുമതിയില്ലാതെ ചിത്രങ്ങളിലും വീഡിയോകളിലും ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോളിവുഡ് നടി നേഹ ശർമ. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അവ ഉടൻ നീക്കം ചെയ്യണമെന്നും നടി മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നേഹയുടെ പ്രതികരണം.
തന്റെ മുഖം ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങൾ നിർമിക്കുകയും അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേഹ വ്യക്തമാക്കി. ഇതൊരു മുന്നറിയിപ്പായി കാണണമെന്നും ദുരുപയോഗം ചെയ്യുന്നവർ ഉടൻ ഉള്ളടക്കം നീക്കം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു. തന്റെ മുഖം ദുരുപയോഗം ചെയ്ത് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കാനും തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമാ താരങ്ങളുടെ മുഖം ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വ്യാപകമാവുകയാണ്. നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ്, ആലിയ ഭട്ട്, നടൻ രൺവീർ സിംഗ് തുടങ്ങിയവരും ഇത്തരം വ്യാജ ദൃശ്യങ്ങളുടെ ഇരകളായിട്ടുണ്ട്. 2023ൽ തന്റെ മുഖം ഉപയോഗിച്ചുള്ള ഡീപ്ഫേക്ക് വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് രശ്മിക മന്ദാനയും വിഷയത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ ഭയപ്പെടുത്തുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
എഐ ഉപയോഗിച്ചുള്ള ഇത്തരം വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളും നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും ഭീഷണി ഉണ്ടാകുന്ന സാഹചര്യമാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.