ഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിജയകരമായി പറന്നിറങ്ങി റഫാൽ മറൈൻ യുദ്ധവിമാനം. ആദ്യമായാണ് റഫാൽ വിമാനം ഇന്ത്യൻ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. നാവികസേനയ്ക്കായി പ്രത്യേകം സജ്ജമാക്കിയ റഫാൽ മറൈൻ വിമാനമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.
ഐഎൻഎസ് വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ അശോക് റാവുവിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ലാൻഡിങ്ങിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകളിൽ റഫാൽ മറൈൻ വിമാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിലെ നിർണായക ചുവടുവയ്പ്പായാണ് ഈ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.
26 റഫാൽ മറൈൻ വിമാനങ്ങൾക്കായി കഴിഞ്ഞ വർഷം ഫ്രാൻസുമായി ഇന്ത്യ 64,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. 22 ഒറ്റസീറ്റ് യുദ്ധവിമാനങ്ങളും നാല് ഇരട്ടസീറ്റ് പരിശീലന വിമാനങ്ങളുമാണ് കരാറിലുള്ളത്. ആയുധങ്ങൾ, പരിശീലനം, സിമുലേറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ, സാങ്കേതിക സഹായം എന്നിവയും കരാറിന്റെ ഭാഗമാണ്. 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.