തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തുകയും ജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്തതിന് മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനകൾ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും പിണറായി ആരോപിച്ചു.
കേരളത്തിന്റെ നിപ പ്രതിരോധ മാതൃക ലോകം അംഗീകരിച്ചതാണെന്നും ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. നിപ ബാധിച്ച് മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ഔദ്യോഗിക രേഖകൾ പ്രകാരം തെറ്റാണെന്നും 2023–25 കാലയളവിൽ നിപ ബാധിച്ച 13 പേരിൽ മരിച്ച ആറുപേരിൽ ഒരാൾക്കും മെഡിക്കൽ കോളജിൽനിന്ന് ഈ മരുന്ന് നൽകിയിട്ടില്ലെന്നും പിണറായി അവകാശപ്പെട്ടു.
എസ്എംഎ വിഷയത്തിലടക്കം സർക്കാരിനെതിരായ വിമർശനങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് നിപ വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങളെ ഇകഴ്ത്തിക്കാട്ടി സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കാനാണോ മന്ത്രിയുടെ ശ്രമമെന്നും പിണറായി ചോദിച്ചു. ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.