ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത ഏതാനുമ മണിക്കൂറുകൾക്കുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ നവംബർ ഒന്നിന് ആന്ധ്ര പ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും ചുഴലിക്കാറ്റിനുള്ള സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ രണ്ടിന് വൈകിട്ടോടെ ആന്ധ്രപ്രദേശ് തീരത്തിന് സമീപമുള്ള പടിഞ്ഞാറൻ മദ്ധ്യ മദ്ധ്യ, ബംഗാൾ ഉൾക്കടലിൽ എത്തും. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ നവംബർ രണ്ടിനും മൂന്നിനും ആന്ധ്രപ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കൂടാതെ ആന്ധ്രപ്രദേശിലെ റായലസീമയിൽ നവംബർ രണ്ടിനും മൂന്നിനും ഒഡിഷയിൽ നവംബർ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ഇതേ മേഖലയിൽ നാശം വിതച്ച അർണാബ് ചുഴലിക്കാറ്റിന് പിന്നാലെയാണ് പുതിയ ചുഴലിക്കാറ്റ് ഭീഷണി.