ലഖ്നൗ: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. ലഖ്നൗവിൽ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അർഹരായ മുഴുവൻ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.
വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടാത്തത് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയസാധ്യതയെ ബാധിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ജനസംഖ്യാ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ടതാണെന്നും എന്നാൽ നിലവിൽ ഏകദേശം 13 കോടി പേർ മാത്രമാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള 66 ലക്ഷം പേരുടെ വിവരങ്ങൾ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇല്ലെന്നാണ് യോഗിയുടെ മറ്റൊരു ആരോപണം. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേരും 18–19 പ്രായപരിധിയിലുള്ള ഏകദേശം 4.5 ലക്ഷം യുവാക്കളും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എസ്.ഐ.ആർ പുനഃപരിശോധനാ നടപടികളിലൂടെ നാലുലക്ഷം വോട്ടർമാരെ മാത്രമാണ് പുതുതായി ഉൾപ്പെടുത്താനായതെന്നും യോഗി ചൂണ്ടിക്കാട്ടി.
അർഹരായ മുഴുവൻ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി. ഹിന്ദു വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എം.പിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹികളും നേതൃത്വം നൽകണമെന്നും യോഗി ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥ് ഉന്നയിച്ച വോട്ടർ പട്ടിക സംബന്ധിച്ച കണക്കുകളും ആരോപണങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങളായി കാണാനാകില്ല.