ക്വാല ലമ്പുർ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായികരിച്ച് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം താലിബാൻ നിരോധിച്ചിട്ടില്ലെന്നും സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്നാണ് സാക്കിറിന്റെ വാദം. മനുഷ്യാവകാശ സംഘടനകൾ അടക്കം നിരവധി പേരാണ് ഇയാളുടെ ന്യായികരണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലായിരുന്നു സാക്കിറിന്റെ വിവാദ പരാമർശങ്ങൾ.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. മാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ കാര്യങ്ങളും സത്യമല്ലെന്നും ശരിയായ അദ്ധ്യാപകരെ ലഭിക്കുന്നതുവരെ വിദ്യാഭ്യാസം വൈകിപ്പിക്കുന്നതിൽ തെറ്റില്ലെന്നും സാക്കിർ പറഞ്ഞു. ആറാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം അഫ്ഗാനിൽ തുടരുന്നുണ്ട്. സുരക്ഷിതമായ പഠനാന്തരീക്ഷത്തിന്റെ അഭാവവും വനിതകളായ അദ്ധ്യാപകരുടെ കുറവുമാണ് പെൺകുട്ടികളുടെ തുടർവിദ്യാഭ്യാസം താത്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. അഫ്ഗാനിലെ സ്ത്രീകൾ ഇസ്ലാമിക പഠനത്തിലും ശരിഅത്ത് നിയമത്തിലും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടുന്നുണ്ടെന്നും നായിക് അവകാശപ്പെട്ടു.
അതേസമയം, സാക്കിറിന്റെ പ്രസ്താവനകളെ വിമർശിച്ചുകൊണ്ട് വിദ്യാഭ്യാസ പ്രവർത്തകയായ മലാല യൂസഫ്സായിയുടെ പിതാവ് രംഗത്തെത്തി. ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതൻ പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽനിന്ന് വ്യവസ്ഥാപിതമായി മാറ്റിനിർത്തുന്ന താലിബാൻ നടപടികളെ ന്യായീകരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകവും നിരാശാജനകവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അനിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തിയ വിലക്കിനെ വെറുമൊരു 'താത്കാലിക മാറ്റിവയ്ക്കൽ' മാത്രമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. വനിതാ അദ്ധ്യാപകരുടെ കുറവാണ് കാരണമെന്നു പറയുമ്പോഴും ആ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ വ്യക്തത നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരായ താലിബാന്റെ വ്യവസ്ഥാപിത അടിച്ചമർത്തലുകൾക്ക് ഇത്തരം പ്രസ്താവനകൾ ന്യായീകരണം നൽകുകയാണെന്നും ഇത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പരസ്യ പ്രചാരണം നടത്തിയതിന്റെ പേരിൽ മലാല യൂസഫ്സായിക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റിരുന്നു.