കൊച്ചി ∙ കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. 10 വിദ്യാർഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനെതിരെ സർവകലാശാല വൈസ് ചാൻസലറാണ് അപ്പീൽ നൽകിയത്.
സസ്പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട ഇന്ന് 65 ദിവസമാവുകയാണ്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടേയും സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കറ്റ് തീരുമാനം.ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റൻഡൻസ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.
ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കേറ്റിന് മുന്നിൽ വെച്ച റിപ്പോർട്ടിലുള്ളത്.ഇന്നലെ ഓണ്‍ലൈനായി നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്കിയാല് തിരിച്ചെടുക്കാമെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ മാപ്പു പറയില്ലെന്നും സവര്‍ക്കറുടെ പാരമ്പര്യമല്ല തങ്ങള്‍ക്കെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു.
അതേസമയം കോടതി വിധിയിലായിരുന്നു പ്രതീക്ഷയെന്നും, എന്ന് കരുതി സമരം അവസാനിപ്പിക്കാനോ സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കാനോ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സമരവുമായി മുന്നോട്ട് പോകും. തുടര്‍ നടപടികള്‍ എങ്ങനെയെന്നത് ആലോചിച്ച് തീരുമാനിക്കും. സിസ തോമസിന്റെ ആഗ്രഹം പോലെ മാപ്പ് എഴുതി നൽകി സര്‍വകലാശാലയുടെ തിട്ടൂരത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. മാപ്പ് എഴുതി നൽകി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രഖ്യാപനം.