തിരുവനന്തപുരം: പാങ്ങപ്പാറ കൊലക്കേസിലെ പ്രതികൾ ഇരട്ടക്കൊലപാതകത്തിന് ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. 17കാരനായ അഭിറാമിനെ കൂടാതെ മുൻ കാമുകിയുടെ കൂട്ടുകാരനെയും കൊല്ലാൻ പ്രതികൾ ആലോചിച്ചിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട അഭിറാം അവസാനമായി വീട്ടിൽ നിന്നിറങ്ങി റോഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഉച്ചയ്ക്ക് 2.45ഓടെയാണ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങിയത്. പ്രതികൾക്കരികിലേക്ക് അഭിറാം എത്തിയ സമയവും കൊലപാതകത്തിന്റെ സമയവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പൊലീസ്. സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയതെന്നും പൊലീസ് പറയുന്നു.
മുമ്പ് പ്രണയിച്ച പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകനെ കൊല്ലാനായിരുന്നു പ്രായപൂർത്തിയാകാത്ത പ്രതി ലക്ഷ്യമിട്ടിരുന്നത്. അതിനായി തന്റെ ഇപ്പോഴത്തെ കാമുകിയുടെ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടും ഉപയോഗിച്ചു. കൊലപ്പെടുത്താൻ ഉദ്ദേശിച്ച കൗമാരക്കാരനെ സംഭവസ്ഥലത്തെത്തിക്കാനാണ് ഇതിലൊന്നും ഉൾപ്പെടാത്ത അഭിറാമിനെ കരുവാക്കിയത്. കൊലപാതകത്തിനായി കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ക്രിമിനലായ ഉമർ മുഫ്താറിനെയും ഒപ്പം കൂട്ടി. പ്രതിയുടെ മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകന്റെ സുഹൃത്ത് എന്നതിനപ്പുറം യാതൊരു ബന്ധവും അക്രമികളുമായി കൊല്ലപ്പെട്ട അഭിറാമിന് ഉണ്ടായിരുന്നില്ല.
അഭിറാമിനെ സംഭവസ്ഥലത്തെത്തിച്ച് ലക്ഷ്യമിട്ട 17കാരനെ വിളിച്ചുവരുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികളുടെ നിർബന്ധത്തിന് വഴങ്ങി രണ്ടുതവണ അഭിറാം സുഹൃത്തിനെ വിളിച്ചെങ്കിലും വരാൻ തയ്യാറായില്ല. വീണ്ടും സമ്മർദം ചെലുത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അഭിറാം തയ്യാറായില്ല. തുടർന്ന് മടങ്ങാൻ ശ്രമിച്ചപ്പോൾ പ്രതികൾ ബലംപ്രയോഗിച്ചു. സംഘർഷത്തിനൊടുവിൽ ബെൽറ്റുകൊണ്ടു കൈകൊണ്ടും കഴുത്തിൽ മുറുക്കി അഭിറാമിനെ കൊലപ്പെടുത്തി.
ഞായറാഴ്ച വൈകിട്ട് ആറിനും രാത്രി എട്ട് മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ചാക്കിൽക്കെട്ടി ആക്കുളം കായലിൽ ഉപേക്ഷിക്കാനാണ് പ്രതികൾ ആദ്യം ആലോചിച്ചത്. ചാക്ക് കൊണ്ടുവന്ന് മൃതദേഹം അതിനുള്ളിലാക്കി. എന്നാൽ, കനത്ത മഴയും ആളുകളുള്ള സ്ഥലവുമായതിനാൽ പദ്ധതി നടന്നില്ല. ശേഷം അവിടെത്തനെ മൃതദേഹമിട്ട് കരിയിലകൊണ്ട് മൂടിയശേഷം കടന്നുകളഞ്ഞ പ്രതികൾ അഭിറാമിന്റെ ഫോണും നശിപ്പിച്ചു. പ്രതിയായ 17കാരനും ഇപ്പോഴത്തെ കാമുകി ആനന്ദയും കൂട്ടുപ്രതി ഉമർ മുഫ്താറും ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.