ന്യൂഡൽഹി: 22 വർഷത്തോളം നീണ്ട സേവനത്തിനൊടുവിൽ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ 'നീൽ ഗെഹ്റൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി' എന്ന ബഹിരാകാശ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും. 1.5 ടൺ ഭാരമുള്ള പേടകമാണ് ഭൂമിയിൽ പതിക്കാനായി താഴേക്ക് വരുന്നത്.
അവശിഷ്ടങ്ങൾ പതിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും ഭാഗങ്ങളുമുൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇന്ത്യൻ സമയം, ഉച്ചയ്ക്ക് രണ്ടോടെ സ്വിഫ്റ്റ് അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് സൂചന ( 11 മണിക്കൂർ നേരത്തയോ വൈകിയോേ ആകാം). പ്രപഞ്ചത്തിലെ ശക്തമായ കോസ്മിക് സ്ഫോടനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി 2004ലാണ് സ്വിഫ്റ്റ് വിക്ഷേപിച്ചത്.
വർദ്ധിച്ച സൗരപ്രവർത്തനങ്ങളുടെ ഫലമായി സ്വിഫ്റ്റിന്റെ ഭ്രമണപഥം താഴ്ന്നു. സ്വിഫ്റ്റിനെ പിടിച്ചെടുത്ത് ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാൻ സ്വകാര്യ കമ്പനി നിർമ്മിച്ച റോബോട്ടിക് പേടകം നാസ വിക്ഷേപിച്ചു. എന്നാൽ പേടകത്തിന്റെ ഭാഗം ബഹിരാകാശത്ത് വച്ച് ഒടിഞ്ഞതോടെ മൂന്ന് കോടി ഡോളറിന്റെ രക്ഷാദൗത്യം പരാജയപ്പെട്ടു. ഒക്ടോബർ 20ന് സ്വിഫ്റ്റ് ഔദ്യോഗികമായി പ്രവർത്തനരഹിതമായി.
അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്ന് ബഹിരാകാശ ഏജൻസി പ്രതീക്ഷിക്കുന്നുണ്ട്രം. എന്നാൽ പേടകത്തിന്റെ ചില ഘടകങ്ങൾ ഇത്തരത്തിൽ കത്തിനശിക്കാൻ സാദ്ധ്യത കുറവാണ്. പേടകത്തിന്റെ അവശിഷ്ടങ്ങൾ ഭൂരിഭാഗവും സമുദ്രത്തിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾ മുംബയ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ പതിക്കാൻ സാദ്ധ്യത ഏറെയെന്നാണ് റിപ്പോർട്ട്. മനുഷ്യന് പരിക്കേൽക്കാനുള്ള സാദ്ധ്യത 2,100ൽ ഒന്ന് മാത്രമാണ്. സമുദ്രത്തിൽ വീഴാനാണ് സാദ്ധ്യതയേറെ.
ഭൂമിയുടെ 70ശതമാനവും സമുദ്രമാണെങ്കിലും 30 ശതമാനം കരയാണ്. അതിനാൽ 10ൽ മൂന്ന് ശതമാനം ഇത് കരയിൽ പതിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ ബ്രാഡ് ടക്കർ എബിസി ന്യൂസിനോട് പറഞ്ഞു.