ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇൻസ്റ്റഗ്രാമിൽ അപരിചിതരുടെ വിശേഷങ്ങളും ട്രെൻഡിംഗ് പാട്ടുകളുമടങ്ങിയ റീൽസ് കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയാറില്ല. എന്നാൽ ഈ 'ഡൂംസ്ക്രോളിംഗ്' (ഫോണിൽ നോക്കി സമയം കളയുന്ന ശീലം) നമ്മുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതറിഞ്ഞിട്ടും പലർക്കും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ കഴിയാറില്ല. ഇപ്പോഴിതാ ഫോൺ ഉപയോഗം കുറയ്ക്കാനും തലച്ചോറിന് വിശ്രമം നൽകാനുമായുള്ള സോഷ്യൽ മീഡിയയിലെ പുതിയൊരു ട്രെൻഡാണ് വൈറലാകുന്നത്, 'ബ്രെയിൻ സ്റ്റാക്കിംഗ്'.
ഫോണിന് പകരം തലച്ചോറിന് വ്യായാമം നൽകുന്ന ചില ഓഫ്ലൈൻ കാര്യങ്ങൾ ഒരുമിച്ച് അടുക്കിവയ്ക്കുന്ന രീതിയാണിത്. നോവൽ, പുസ്തകങ്ങൾ, ഡയറി, പസിലുകൾ, ചിത്രരചനയ്ക്കുള്ള വസ്തുക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന പുസ്തകങ്ങളും പസിലുകളും ഒരുമിച്ച് അടുക്കി വയ്ക്കുന്നതിനാലാണ് ഇതിന് 'ബ്രെയിൻ സ്റ്റാക്കിംഗ്' എന്ന് പേര് വന്നത്.
ഫോൺ എടുത്ത് സോഷ്യൽ മീഡിയ നോക്കാൻ തോന്നുമ്പോഴെല്ലാം അതിന് പകരം കൺമുന്നിലിരിക്കുന്ന ഈ പുസ്തകങ്ങൾ വായിക്കുകയോ പസിലുകൾ ചെയ്യുന്നതോ ആണ് ഇതിന്റെ രീതി. സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസേഴ്സ് തങ്ങളുടെ രാവിലെയും രാത്രിയിലുമുള്ള ദിനചര്യകളുടെ ഭാഗമായി ഈ ബ്രെയിൻ സ്റ്റാക്കിംഗ് ഭംഗിയായി ക്രമീകരിച്ച് വച്ചിരിക്കുന്ന വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. മാൻഡി റൂലസ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ ട്രെൻഡ് ജനപ്രിയമാക്കിയത്.
തുടർച്ചയായി സ്ക്രീനിൽ നോക്കുന്നതിന് പകരം തലച്ചോറിനെ സജീവമാക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി പുതിയ പുസ്തകങ്ങളോ സാധനങ്ങളോ വാങ്ങേണ്ടതില്ലെന്നും പകരം വീട്ടിലുള്ള പുസ്തകങ്ങളോ പഴയ ഡയറിയോ പത്രത്തിലെ പസിൽ പേജോ ഒക്കെ ഉപയോഗിച്ചാൽ മതിയെന്നും ഇൻഫ്ലുവൻസേഴ്സ് പറയുന്നു. ഫോൺ ഇരിക്കുന്നതുപോലെ തന്നെ എളുപ്പത്തിൽ കയ്യിലെടുക്കാൻ പാകത്തിന് നിങ്ങളുടെ തൊട്ടടുത്തുവേണം ഈ സാധനങ്ങൾ ക്രമീകരിക്കേണ്ടത്. ബ്രെയിൻ സ്റ്റാക്കിംഗ് തുടങ്ങിയ ഉടനെ ശ്രദ്ധക്കുറവ് പൂർണമായി മാറണമെന്നില്ലെന്നും സമയമെടുക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്.