കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കാർ അമിതവേഗത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നും കൂട്ടിയിടിച്ച സമയത്ത് 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപകടത്തിന് ഒരു സെക്കൻഡ് മുമ്പാണ് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചതെന്നും അന്വേഷണ സംഘത്തിന് കൈമാറിയ ക്രാഷ് ഡാറ്റ പരിശോധനാ റിപ്പോർട്ടിലുണ്ട്. കേസിൽ കുറ്റപത്രം ശക്തിപ്പെടുത്താൻ നിർണായകമാകുന്നതാണ് കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട്.
ദില്ലിയിൽ നിന്നെത്തിയ ബിഎംഡബ്ല്യു സാങ്കേതിക വിദഗ്ധരാണ് വാഹനത്തിന്റെ ക്രാഷ് ഡാറ്റ പരിശോധിച്ചത്. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോ, വാഹനത്തിന്റെ വേഗം എത്രയായിരുന്നു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
ഒക്ടോബർ 11ന് പുലർച്ചെ 1.45നാണ് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ദാരുണമായ അപകടമുണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് മരിച്ചത്.
വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ തൽക്ഷണം മരിച്ചത്.
വാഹനമോടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യാക്കുറ്റവും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ മദ്യപിച്ചിരുന്നതായും കാർ അമിതവേഗത്തിലായിരുന്നുവെന്നുമാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തൽ.
ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ട് കൂടി ലഭിച്ചതോടെ അപകടത്തിന്റെ വേഗതയും ബ്രേക്കിങ് സമയവും സംബന്ധിച്ച നിർണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.