ഫോൺ അപ്‌ഡേറ്റിന് പിന്നാലെ 98,888 രൂപ നഷ്ടമായി; ഓൺലൈൻ തട്ടിപ്പെന്ന് പരാതി

കൊച്ചി: ഫോൺ ഉപയോഗിക്കുന്നതിനിടെ അപ്‌ഡേറ്റ് സന്ദേശം ലഭിച്ചതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് 98,888 രൂപ നഷ്ടമായെന്ന് ഇടക്കൊച്ചി സ്വദേശി സുബിന്റെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫോൺ സ്‌ക്രീൻ പൂർണമായും കറുത്തനിറമായെന്നും മൂന്ന് മിനിറ്റിന് ശേഷം ഫോൺ തനിയെ ഓണായെന്നും സുബിൻ പറയുന്നു. പിന്നാലെ ഗൂഗിൾ പേ വഴി പണം കൈമാറിയതിന്റെ സന്ദേശവും ലഭിച്ചു.

അസമിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നാണ് പരാതി. പിന്നീട് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായും സുബിൻ പറയുന്നു. ബാങ്കിൽ നിന്ന് വിളിച്ച് ഇടപാട് നടത്തിയത് താനാണോയെന്ന് അന്വേഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരനായ സുബിൻ അധ്വാനിച്ച് സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്. അക്കൗണ്ടിൽ നാല് രൂപ മാത്രമാണ് ശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാം പണം നഷ്ടമാകാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സൈബർ സെല്ലിലും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിനാൽ തുക തിരിച്ചുപിടിക്കാൻ പ്രയാസമുണ്ടെന്നാണ് പൊലീസ് അറിയിച്ചതെന്ന് സുബിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *