അഭിറാം കൊലക്കേസ്: കാണാതായ ഫോണ്‍ കണ്ടെത്താനായില്ല, വൻ പോലീസ് സുരക്ഷയിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം: പാങ്ങാപ്പാറയിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ ഫോൺ കണ്ടെത്താനാകാതെ പോലീസ്. കൊലപാതകത്തിന് പിന്നാലെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ തോട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടും ഫോൺ കണ്ടെത്താനായിട്ടില്ല. അഭിറാമിന്റെ ഇൻസ്റ്റഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസിൽ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ഉമറിനെയും മൂന്നാം പ്രതി അനന്തയെയും ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ഒന്നാം പ്രതിയായ പതിനേഴുകാരനെയും നാലാം പ്രതിയും ഉമറിന്റെ പെൺസുഹൃത്തുമായ ഐശ്വര്യയെയും നാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്തും പ്രതികൾ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയും വിന്യസിക്കും. പ്രതി അനന്തയുടെ സ്വകാര്യ ദൃശ്യങ്ങൾ അഭിറാമിന്റെ സുഹൃത്തുക്കൾക്കിടയിൽ പ്രചരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *