പാലക്കാട്: സിപിഎം മുതലമട ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനം. മദ്യപിക്കുന്നവരെ പ്രവർത്തകർ ചോദ്യംചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, ഒപ്പമുണ്ടായിരുന്ന റഷീദ്, സൂര്യപ്രകാശ് എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞദിവസം മുതലമട ഒന്ന് ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി ഓഫീസിലെ പരസ്യ മദ്യപാനം. ഇതിനെ കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ സിയാവുദ്ദീനും ലോക്കൽ കമ്മിറ്റി അംഗം കെ വിനേഷ് ഉൾപ്പെടെയുള്ളവരും ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
പിന്നാലെ ഇരുക്കൂട്ടരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതും ലോക്കൽ സെക്രട്ടറി ബ്രിജേഷ് പ്രവർത്തകരെ പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. പാർട്ടി ഓഫീസിനുള്ളിൽ നടന്ന സംഭവവും നേതാക്കൾക്കെതിരായ പ്രവർത്തകരുടെ പരസ്യപ്രതിഷേധവും സിപിഎമ്മിന് പ്രാദേശികതലത്തിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.