വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ; ഫാം പ്രവർത്തനം തുടരാൻ എല്ലാ പിന്തുണയും ഉറപ്പ്

തിരുവനന്തപുരം: വയനാട് ബത്തേരി നെന്മേനി ചമയംകുന്നിൽ പശുഫാം നടത്തുന്ന ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഫാം പ്രവർത്തനം തുടരുന്നതിനാവശ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകി.

കർഷകയായ സ്റ്റെഫിൻ പോളുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

വിഷയത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായും ബിന്ദു കൃഷ്ണ സംസാരിച്ചു. ക്ഷീരകർഷക ദമ്പതികൾക്ക് ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും പ്രാദേശികമായി ഒരുക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിവരികയാണെന്ന് ടി. സിദ്ദിഖ് അറിയിച്ചു.

അതേസമയം, പ്രശ്നത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്കും മന്ത്രി നിർദേശം നൽകി. ഉദ്യോഗസ്ഥർ ഫാം സന്ദർശിച്ച് നിലവിലെ സാഹചര്യം നേരിട്ട് വിലയിരുത്തണം. ഫാം പ്രവർത്തനം സുഗമമായി തുടരുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *